ഭൂമിശാസ്ത്രം
കേരളത്തിന്റെ ഇടനാട് വിഭാഗത്തില്‍പ്പെടുന്ന ഭൂപ്രകൃതിയാണ് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിനുള്ളത്. പഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശവും തെക്കുപടിഞ്ഞാറ് ദിശയില്‍ ചരിവ് പ്രദര്‍ശിപ്പിക്കുന്നു. പൊതുവേ ഫലഭൂയിഷ്ഠമായ ഭൂപ്രദേശമാണ്. ചെമ്മണ്ണ്, എക്കല്‍മണ്ണ്, ചരല്‍കലര്‍ന്ന ചെമ്മണ്ണ് എന്നിങ്ങനെ മൂന്നുതരം ഉപരിതലമണ്ണുകളാണുള്ളത്. തെങ്ങ്, നെല്ല് എന്നിവയാണ് പ്രധാനവിളകള്‍. ഭൂവിസ്തൃതിയുടെ 15%-ത്തിലധികം വരുന്ന പാടശേഖരങ്ങളിലെ മുഖ്യകൃഷി നെല്ലാണ്. 30%-ത്തിലധികം ഭൂമി തെങ്ങുകൃഷിക്കായി ഉപയോഗിക്കുന്നു. തെങ്ങുകൃഷി പഞ്ചായത്തിന്റെ സാമ്പത്തികമേഖലയില്‍ മുഖ്യപങ്ക് വഹിക്കുന്നു. തെങ്ങുകൃഷിയോടൊപ്പം മറ്റ് ഇടവിളകൃഷികളും ചേര്‍ന്നുള്ള മിശ്രിതകൃഷി നിലനില്‍ക്കുന്നു. കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍, വാഴ, ഇഞ്ചി, കുരുമുളക് തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. മഴയെ മാത്രം ആശ്രയിച്ച് കൃഷിയില്‍ വ്യാപൃതരായിരുന്ന ഒരു ജനസമൂഹമാണ് പണ്ടുമുതലേ ഈ പ്രദേശത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ സ്ഥിതി നോക്കിയാല്‍ കാര്‍ഷികമേഖലയില്‍ തൊഴിലാളികള്‍ക്ക് ദൌര്‍ലഭ്യമായിക്കഴിഞ്ഞു. കൃഷിഭൂമി തുണ്ടുകളായി. കര്‍ഷകര്‍ പാടത്തിറങ്ങുന്ന രീതി ഇല്ലാതായി. ഇതിനെല്ലാം പുറമെ ഉല്പാദനക്ഷമതയിലും കുറവുണ്ടായി. തെങ്ങിന് ബാധിച്ച രോഗങ്ങളും കീട ആക്രമണങ്ങളും കര്‍ഷകന്റെ വരുമാനത്തെ സാരമായി ബാധിച്ചു. കാര്‍ഷികവൃത്തിയില്‍ നിന്ന് ആകര്‍ഷകമായ വരുമാനം ഇല്ലെന്നായി. നല്ലൊരു വിഭാഗം കൈവശമുള്ള ഭൂമിയില്‍ കാര്യമായ കൃഷിപ്പണികള്‍ ചെയ്യാതെയായി. മണ്ണിനോടും കൃഷിയോടുമുള്ള മമത കൊണ്ടുമാത്രം ഒരു വിഭാഗം കൃഷി തുടരുകയാണ്. കിഴങ്ങ് വര്‍ഗങ്ങളും പയറുവര്‍ഗങ്ങളും നെല്ല് ഒഴികെയുള്ള ധാന്യവര്‍ഗ്ഗങ്ങളും കൃഷി ചെയ്യുകയെന്നത് കര്‍ഷകന്റെ അജണ്ടയില്‍ ഇല്ലാതായി. സാമ്പത്തികാടിത്തറ പ്രധാനമായും കാര്‍ഷിക മേഖലയാണെങ്കിലും സമ്പത്തുല്‍പാദനത്തിന്റെ ഗണ്യമായൊരു പങ്ക് വ്യവസായമേഖലയും നിര്‍വ്വഹിക്കുന്നുണ്ട്. പഞ്ചായത്തുമേഖലയിലെ പ്രധാന വ്യവസായം കശുവണ്ടിയാണ്. ഈ മേഖലകള്‍ വെല്ലുവിളികള്‍ നേരിടുകയാണ്. കശുവണ്ടി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ്. മറ്റ് പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി മേഖലകളും തകരുകയാണ്. പരമ്പരാഗത വ്യവസായരംഗത്തൊട്ടാകെ അനുഭവപ്പെടുന്ന ഈ തകര്‍ച്ചയും കാര്‍ഷികരംഗത്തെ മുരടിപ്പും സാമ്പത്തികവികസനത്തെ പിന്നിലാക്കുന്നു. ഒട്ടനവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തിലുണ്ട്. കട്ടക്കമ്പനികള്‍, സാമില്ലുകള്‍, ഒട്ടനവധി എന്‍ജിനീയറിംഗ് വര്‍ക്ക് ഷോപ്പുകള്‍, ഇലക്ട്രോണിക്സ് ഉപകരണ അസംബ്ളിംഗ് യൂണിറ്റുകള്‍, ഫര്‍ണിച്ചര്‍ ഉല്‍പാദന കേന്ദ്രങ്ങള്‍, മോട്ടോര്‍ വര്‍ക് ഷോപ്പുകള്‍, പൊടിപ്പ് മില്ലുകള്‍, സോപ്പ് ഉല്‍പാദനകേന്ദ്രങ്ങള്‍, തീപ്പെട്ടിക്കമ്പനികള്‍, പ്രിന്റിംഗ്പ്രസ്സുകള്‍, റെഡിമെയ്ഡ് ഗാര്‍മെന്റ് ഉല്പാദനകേന്ദ്രങ്ങള്‍, കറിപൌഡര്‍ നിര്‍മ്മാണയൂണിറ്റുകള്‍ എന്നിവ പഞ്ചായത്തിന്റെ സാമ്പത്തികമേഖലയെ പുഷ്ടിപ്പെടുത്തുന്നുണ്ട്. പുറംനാടുകളില്‍ നിന്നെത്തുന്ന പണവും പഞ്ചായത്തിന്റെ സമ്പദ്ഘടനയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയില്‍ ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ ഹൈസ്കൂള്‍, യു.പി.എസ്, എല്‍.പി.എസ് വിഭാഗങ്ങളിലായി ആകെ 43 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ഗ്രാമപഞ്ചായത്തില്‍ മികച്ച ഒരു റോഡുശൃംഖലയുണ്ട്. കൊല്ലം-ചെങ്കോട്ട റോഡ് ഈ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്നു. കുണ്ടറ റെയില്‍വേ സ്റ്റേഷന്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും 1 കി.മീ. അകലെയാണ്. പൊതുവെ ഗതാഗതസൌകര്യമുള്ള പ്രദേശമാണിത്. ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും ഗതാഗതസൌകര്യമുള്ളവയാണ്.