കുണ്ടറ വിളംബരം
May 23, 2026
ചരിത്രം
സാമൂഹിക-സാംസ്കാരിക പശ്ചാത്തലം
ഈ പ്രദേശം പണ്ട് ബുദ്ധമതസ്വാധീനമുള്ള കേന്ദ്രമായിരുന്നു. ബുദ്ധകേന്ദ്രങ്ങളെല്ലാം പള്ളി എന്ന നാമത്തിലാണ് അറിഞ്ഞിരുന്നത്. പിന്നീട് ഇവിടെ പരമാരപരശുരാമന്റെ നേതൃത്വത്തില്‍ ഒരു സംഘം ബ്രാഹ്മണര്‍ താമസമാക്കി. ബ്രാഹ്മണര്‍ താമസിച്ചിരുന്ന പ്രദേശത്തിന് ഊര് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ അവര്‍ പള്ളിയുടെ കൂടെ ഊര് എന്നു കൂടിചേര്‍ത്ത് ഇളംപള്ളിയൂര് എന്നാക്കി. മാറ്റങ്ങള്‍ക്കു വിധേയമായി ഈ പേര് ഇപ്പോള്‍ ഇളമ്പള്ളൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പഞ്ചായത്താഫീസിനു തൊട്ടു മുന്നില്‍ തന്നെ ചരിത്രപ്രസിദ്ധമായ ഇളമ്പള്ളൂര്‍ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നു. കുണ്ടം വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്, കുരീപ്പള്ളി മുസ്ളീംപള്ളി എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന പളളികള്‍. ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തികാടിത്തറ കാര്‍ഷിക മേഖലയിലൂന്നി നില്ക്കുന്നു. ജന്മിമാരും പാട്ടക്കൃഷിക്കാരുമായിരുന്നു കാര്‍ഷികരംഗത്തുണ്ടായിരുന്നത്. ഭൂവുടമകളായ കര്‍ഷകരും കര്ഷകതൊഴിലാളികളും ഒരുമിച്ച് പാടത്തിറങ്ങി പണി എടുത്തിരുന്നു. കാര്‍ഷിക മേഖല സജീവമായിരുന്നു. തെങ്ങ് കൃഷി വീട്ടു പറമ്പുകളില്‍ മാത്രമായി ഒതുങ്ങിയിരുന്നു. ചെറുകിടകര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഭൂമിക്കും കിടപ്പാടത്തിനും ഉടമകളായി. അതില്‍ നിന്നും ഉടലെടുത്ത ആത്മാഭിമാനം അവരെ കൂടുതല്‍ സാമൂഹ്യബോധമുള്ളവരാക്കി. മക്കള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്കി. വിദ്യാഭ്യാസം ലഭിച്ചവര്‍ വിവിധ തൊഴില്‍ മേഖലകള്‍ തേടിപ്പോയി. കൃഷിഭൂമി തുണ്ടുകളായി. കര്‍ഷകര്‍ പാടത്തിറങ്ങുന്ന രീതി ഇല്ലാതായി. ഒട്ടുമിക്ക രാഷ്ട്രീയകക്ഷികള്‍ക്കും വേരുകളുള്ള ഈ ഗ്രാമപഞ്ചായത്തില്‍ എല്ലാവരും സഹിഷ്ണുതയോടുകൂടി കഴിഞ്ഞുവരുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് നിലവിലുള്ളത്. വേലുത്തമ്പിദളവയുടെ കുണ്ടറവിളംബരത്തിന്റെ സ്മാരകമായി ലൈബ്രറിയും, സാംസ്കാരികനിലയവും ഈ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ഒരു ഗവേഷണ പഠനസ്ഥാപനമായി വളര്‍ത്താനുള്ള ശ്രമം നടന്നുവരുന്നു. ഇതിനു പുറമെ ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബുകളും വായനശാലകളും ലൈബ്രറികളും ഈ പ്രദേശത്തിന്റെ സാംസ്കാരികപുരോഗതിയില്‍ ഗണ്യമായ പങ്ക് വഹിക്കുന്നു.