ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കില്‍ ഇളംപള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഇളംപള്ളൂര്‍, കൊറ്റങ്കര എന്നീ വില്ലേജുകളിലായാണ് സ്ഥിതി ചെയ്യുന്നത്. 1809 ജനുവരി 14-ം തിയതി വൈദേശികാധിപത്യത്തിനെതിരെ തലക്കുളത്ത് വേലുതമ്പിദളവയുടെ സുപ്രസിദ്ധമായ കുണ്ടറവിളംബരം നടന്ന സ്ഥലം ഇളംപള്ളൂര്‍ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഇളംപള്ളൂര്‍ ദേവീക്ഷേത്ര പരിസരത്ത് കെട്ടിയുണ്ടാക്കിയ സ്വന്തം പടപ്പാളയത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ഈ വിളംബരം നടത്തിയത്. കുണ്ടറവിളംബരത്തിന്റെ സ്മാരകമായി ദേവീക്ഷേത്രപരിസരത്ത് ഒരു കല്‍മണ്ഡപം ഇന്നും സ്ഥിതിചെയ്യുന്നുണ്ട്. ജനദ്രോഹികളായ വിദേശഭരണാധികാരികള്‍ രാജ്യത്തുനിന്നും പോയേ മതിയാകൂ എന്ന് വേലുത്തമ്പിദളവ കുണ്ടറ വിളംബരത്തിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. കൊല്ലം ജില്ലയില്‍ നിലവിലുണ്ടായിരുന്ന കൊറ്റംങ്കര ഗ്രാമപഞ്ചായത്ത് വിഭജിച്ചാണ് ഇളംപള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2000 ഒക്ടോബറില്‍ നിലവില്‍ വന്നത്. ആദ്യ പ്രസിഡന്റ് ഓമനാ വര്‍ഗ്ഗീസാണ്. പഞ്ചായത്തിനു നടുവിലൂടെ കേരളപുരം കിഴക്കേ ജംഗ്ഷന്‍ മുതല്‍ ആറുമുറിക്കട ജംഗ്ഷന്‍ വരെ ദേശീയപത 208 (പഴയ കൊല്ലം-ചെങ്കോട്ട റോഡ്) കടന്നുപോകുന്നു. കേരളത്തിന്റെ ഇടനാട് ഭൂവിഭാഗത്തില്‍പ്പെടുന്ന ഭൂപ്രകൃതിയാണ് ഇളംപള്ളൂര്‍ ഗ്രാമപഞ്ചായത്തിനുള്ളത്. പഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശവും തെക്കുപടിഞ്ഞാറ് ദിശയില്‍ ചരിവ് പ്രദര്‍ശിപ്പിക്കുന്നു.